തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്നത് പോലെ നിയന്ത്രണങ്ങൾ പാടേ ലംഘിച്ച് സി.പി.എം നടത്തിവരുന്ന പാർട്ടി ജില്ലാ സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിലുള്ള കൊവിഡ് വ്യാപനത്തിനിടയാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു.
പാർട്ടി സമ്മേളന വേദികളിൽ നിന്ന് ഉന്നതർക്കടക്കം കൊവിഡ് ബാധിച്ചിട്ടും അടച്ചിട്ട മുറികളിൽ നിശ്ചിത പരിധിക്കപ്പുറം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന സമ്മേളനങ്ങൾ എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? യു.ഡി.എഫ് അടക്കമുള്ള പാർട്ടികൾ ഈ മാസം 31 വരെയുള്ള പരിപാടികൾ റദ്ദാക്കി. മത, സാംസ്കാരിക സംഘടനകളെല്ലാം നിയന്ത്രണമേർപ്പെടുത്തി. എന്നാൽ സാമൂഹ്യ വ്യാപനം തടയാനോ, നിശ്ചിത എണ്ണത്തിനപ്പുറമുള്ള കൂട്ടായ്മകൾ നിയന്ത്രിക്കാനോ സർക്കാരിന് ഒരാത്മാർത്ഥതയുമില്ല.
അടുത്ത മൂന്നാഴ്ച കൊവിഡ്- ഒമിക്രോൺ വ്യാപനം അതീവ ഗുരുതരമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നിറിയിപ്പ് നൽകിയെങ്കിലും അതിനനുസൃതമായ ജാഗ്രതയോ, ഭരണ നടപടികളോ ഉണ്ടായില്ല.