പശ്ചാത്തല സൗകര്യ വികസന പദ്ധതികൾക്കായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തില്ല: മുഖ്യമന്ത്രി

 

കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവേ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞു

പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തല സൗകര്യ വികസന പദ്ധതികൾക്കായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്.

പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരാകുന്നുവെന്നാണ് ചിലർ പ്രചരിപ്പിച്ചത്. നേരത്തെ സൂചിപ്പിച്ച പോലെ അർഹമായ നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുക്കുക. അതിനാൽ തന്നെ ഒരാൾ പോലും ഭവനരഹിതരാകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.