ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ചവരുടെ എണ്ണം 16 ആയി. പതിനാറ് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. 12 പേരെ രക്ഷപ്പെടുത്തി. ആകെ 78 പേരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ നിർദേശം നൽകി. ജില്ലാ കലക്ടർമാർക്കാണ് നിർദേശം. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ രാജമലയിലെ ദുരന്തനിവരാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്പെഷ്യൽ ഓഫീസറായി നിയമിച്ചു
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും സഹായമായി നൽകും.
നിരവധി പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിൽ വേദന പങ്കുവെക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ ചിന്തകൾ ദു:ഖത്തിലായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് വേണ്ട സഹായങ്ങൾ നൽകി ദേശീയ ദുരന്തനിവാരണ സേനയും ഭരണകൂടവും പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു
തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലെയ്ത്തിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടായാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി നടന്ന അപകടം പുലർച്ചെയാണ് പുറംലോകം അറിയുന്നത്.