ബൈക്കിൽ നിന്ന് വീണതിന് പിന്നാലെ ദേഹത്തുകൂടി കാർ കയറിയിറങ്ങി; ഇരിട്ടിയിൽ യുവാക്കൾക്ക് ദാരുണാന്ത്യം

 

കണ്ണൂർ ഇരിട്ടി കിളിയന്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കിൽ നിന്ന് വീണ ഇവരുടെ ദേഹത്തുകൂടി കാർ കയറിയിറങ്ങുകയായിരുന്നു. കിളിയന്തറ 32ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ്(28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ്(40) എന്നിവരാണ് മരിച്ചത്.

കൂട്ടുപുഴ ഭാഗത്ത് നിന്ന് വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു ഇരുവരും കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റ് കഴിഞ്ഞതിന് ശേഷം ഹൈസ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണതിന് പിന്നാലെ എതിർദിശയിൽ പാഞ്ഞുവന്ന കാർ ഇവരുടെ ദേഹത്തുകൂടി കയറുകയായിരുന്നു.