നടിയെ ആക്രമിച്ച കേസിൽ പോലീസിന് തന്റെ കയ്യിലുള്ള രേഖകൾ കൈമാറിയതായി വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ. മൂന്ന് കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. ഒന്ന് ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടത്, രണ്ട് കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം നടന്നത്, മൂന്ന് കേസുമായി ബന്ധപ്പെട്ട വിഐപിയുടെ പങ്ക്.
വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിച്ചത്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ വിഐപി. ഇക്ക എന്നാണ് കാവ്യാ മാധവൻ വിഐപിയെ വിളിച്ചത്. ഇയാളെ കണ്ടാൽ തിരിച്ചറിയുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. തുടർ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലുള്ള അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തിലുള്ളവരും തുടരന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയിൽ പറയുന്നു
കേസിൽ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചതായും താനിത് റെക്കോർഡ് ചെയ്തെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സമഗ്ര തുടരന്വേഷണം ആവശ്യമാണെന്നും അതിനാൽ നിലവിൽ നടക്കുന്ന വിചാരണകൾ നിർത്തിവെക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ വിചാരണ തുടരണമെന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെ കേസ് പരിഗണിക്കുന്നത്. ജനുവരി 20 ലേക്ക് മാറ്റി.