രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. സെപ്റ്റംബർ ഒന്നിനും നവംബർ 14നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്കൂളുകൾ തുറക്കുക. ഇതുസംബന്ധിച്ച മാർഗരേഖ ഈ മാസം അവസാനം ഇറക്കും.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്കൂളുകൾ എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സംസ്ഥാനങ്ങൾക്ക് നൽകും. ആദ്യ പതിനഞ്ച് ദിവസം 10, 11, 12 ക്ലാസുകളാകും പ്രവർത്തിക്കാൻ അനുവദിക്കുക. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല
സ്കൂളിൽ ഓരോ തലത്തിലും നാല് ഡിവിഷനുകൾ ഉണ്ടെങ്കിൽ രണ്ട് ഡിവിഷന് ഒരു സമയവും മറ്റ് രണ്ട് ഡിവിഷന് വേറെ സമയവുമാകും ക്ലാസുകൾ. സാമൂഹിക അകലം പാലിച്ചാകും കുട്ടികളെ ഇരുത്തുക. അസംബ്ലി, സ്പോർട്സ് പീരിയഡ്, കായിക മത്സരങ്ങൾ എന്നിവ അനുവദിക്കില്ല. രാവിലെ 8 മുതൽ 11 മണി വരെയും 12 മുതൽ മൂന്ന് മണി വരെയുമാണ് പ്രവർത്തന സമയം നൽകുക. ഇടയ്ക്കുള്ള ഒരു മണിക്കൂർ സ്കൂൾ അണുനശീകരണം നടത്തണം