മധ്യപ്രദേശിൽ 22 പേർ മരിക്കാനിടയായ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ

 

മധ്യപ്രദേശിൽ 22 പേർ മരിക്കാനിടയായ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ
മധ്യപ്രദേശിൽ ബസ് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ. സാത്‌ന സ്വദേശിയായ ഷംസുദ്ദീൻ(47) എന്നയാൾക്കാണ് ശിക്ഷ. 19 കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ബസ് ഉടമയെ പത്ത് വർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്

2015 മെയ് 4നാണ് അപകടം നടന്നത്. 65 പേരുമായി പോയ ബസ് പന്നായിയിലെ മഡ്‌ല ഹില്ലിന് സമീപം കനാലിലേക്ക് മറിയുകയും ബസിന് തീ പിടിക്കുകയുമായിരുന്നു. കമ്പികൾ ഘടിപ്പിച്ചത് കാരണം ബസിന്റെ എമർജൻസി വാതിൽ തുറന്ന് രക്ഷപ്പെടാൻ യാത്രക്കാർക്ക് സാധിച്ചിരുന്നില്ല.

അമിത വേഗതയിലാണ് ഷംസുദ്ദീൻ വാഹനം ഓടിച്ചിരുന്നത്. വേഗത കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാൾ വഴങ്ങിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.