ആറയൂർ പാണ്ടി വിനു വധക്കേസ്: ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

 

നെയ്യാറ്റിൻകര ആറയൂർ പാണ്ടി വിനു വധക്കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പുളിക്കുത്തി ഷാജി, പല്ലൻ അനി എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പുളിക്കുത്തി ഷാജി

അച്ഛൻ കൃഷ്ണന്റെ വസ്തുക്കൾ ബലമായി എഴുതി വാങ്ങാൻ ഷാജി ക്വട്ടേഷൻ നൽകിയ ആളാണ് പാണ്ടി വിനു. പ്രമാണം ഒപ്പിട്ട് വാങ്ങിയ ശേഷം കൃഷ്ണനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തി മാർത്താണ്ഡത്തിന് സമീപത്തെ ചതുപ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

സംഭവം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വിനു ഷാജിയോട് കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വിനുവിനെ വകവരുത്താൻ ഷാജി തീരുമാനിച്ചത്. ഷാജിയും അനിയും ചേർന്ന് മദ്യപിക്കാനായി വിനുവിനെ വീട്ടിൽ വിളിച്ചുവരുത്തുകയും അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. 2019 ഏപ്രിൽ 20നാണ് സംഭവം നടന്നത്.