കണ്ണൂർ മാതമംഗലത്ത് സ്വത്തിന് വേണ്ടി 93കാരിക്ക് മക്കളുടെ ക്രൂര മർദനം

 

കണ്ണൂർ മാതമംഗലത്ത് സ്വത്തിന് വേണ്ടി അമ്മയ്ക്ക് മക്കളുടെ ക്രൂര മർദനം. നേരത്തെ മരിച്ച ഒരു മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞായിരുന്നു നാല് മക്കൾ കൂടി അമ്മയെ മർദിച്ചത്. 93 വയസ്സുള്ള മീനാക്ഷിയമ്മ എന്ന വൃദ്ധക്കാണ് മർദനമേറ്റത്. ഇവരുടെ കൈക്കും കാലിനും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റു

ഈ മാസം 15ാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. മക്കളെല്ലാം കൂടി മീനാക്ഷിയമ്മയെ ബലം പ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്നത് ഇവരുടെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. മക്കൾ നാല് പേരും ചേർന്നായിരുന്നു അമ്മയെ ഉപദ്രവിച്ചത്.

നാല് പേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിൽ പിടിച്ച് തള്ളി മാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ ചീത്ത വിൡച്ച് ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയായിരുന്നു.

പത്ത് മക്കളാണ് മീനാക്ഷിയമ്മക്കുള്ളത്. ഇതിൽ മൂന്ന് മക്കൾ നേരത്തെ മരിച്ചു. ഇതിൽ മരിച്ച ഓമന എന്ന മകളുടെ സ്വത്ത് തങ്ങൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവത്തിൽ രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പോലീസ് കേസെടുത്തു.