കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബിൽ 29ന് പാർലമെന്റിൽ അവതരിപ്പിക്കും; നടപടികൾ ആരംഭിച്ച് കേന്ദ്രം

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമ മന്ത്രാലയവുമാണ് പിൻവലിക്കൽ ബില്ലിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്

29ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കാർഷിക നിയമം പിൻവലിക്കൽ ബിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതിന് ഒറ്റ ബിൽ ആകും അവതരിപ്പിക്കുക. എന്തുകൊണ്ട് നിയമങ്ങൾ പിൻവലിക്കുന്നുവെന്ന കാരണവും കേന്ദ്രസർക്കാർ വ്യക്തമാക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ കാർഷിക നിയമങ്ങൾ റദ്ദാകും.

അതേസമയം നിയമങ്ങൾ പിൻവലിച്ച ശേഷവും സമരം തുടരുമെന്ന കർഷക സംഘടനകളുടെ നിലപാട് കേന്ദ്രത്തെ ആശങ്കയിലാക്കുന്നുണ്ട്. ലഖിംപൂർ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യവും കർഷക സംഘടനകൾ ഉയർത്തുന്നത് കേന്ദ്രത്തിന് തലവേദനയാണ്.