തിരുപ്പതി : ആന്ധ്രാ പ്രദേശിലെ ക്ഷേത്രനഗരമായ തിരുപ്പതിയിലുള്ള ജലസംഭരണിക്ക് വിള്ളല്. അണക്കെട്ടിൽ നിന്ന് വെള്ളം ചോരുന്നുണ്ട്. സമീപ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. ആന്ധ്രയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ജലസംഭരണിയായ റായല ചെരുവിന്റെ ചുറ്റുമുള്ള ബണ്ടുകളിലാണ് വില്ലകൾ കണ്ടെത്തിയത്.
തിരുപ്പതിയിലെ രാമചന്ദ്രപുരത്താണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. ജലസംഭരണിയിലെ ചോർച്ചയെ തുടർന്ന് അവശ്യവസ്തുക്കളും രേഖകളും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബണ്ടുകൾ തകരുമെന്ന സ്ഥിതിയിലാണ്. എത്രയും വേഗം ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെട്ട് അനൗൺസ്‌മെന്റ് നടത്തുകയാണ്.
ജില്ലാ കലക്ടർ ഹരി നാരായണൻ, ജില്ലാ പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ, ജലസേചന ജീവനക്കാർ ഉൾപ്പെടെയുള്ളവർ സ്ഥലം പരിശോധിച്ചു. തുടർന്നാണ് താഴ്ഭാഗത്തുള്ള എല്ലാ ഗ്രാമക്കാരോടും ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയത്. നിലവിൽ 0.9 ടി എം സി വെള്ളമാണ് ജലസംഭരണിയിലുള്ളത്. ഇത് കവിഞ്ഞൊഴുകുന്നുണ്ട്. മുമ്പൊരിക്കലും ഇത്രയധികം വെള്ളം ഈ സംഭരണിയിലെത്തിയിട്ടില്ല.
ജലസംഭരണിയിലെ വില്ലൽ അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചിറ്റൂർ ജില്ലയിൽ തിരുമല കുന്നുകളിൽ നിന്നും മറ്റ് ഉയർന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം കുത്തിയൊലിച്ച് വന്ന് സ്വർണമുഖി നദി കരകവിഞ്ഞൊഴുകിയ കാരണം ജലസംഭരണികളും അണക്കെട്ടുകളും നിറഞ്ഞു. നാല് ദിവസമായി തിരുപ്പതി വെള്ളത്തിനടിയിലാണ്. ഇപ്പോൾ മഴ പെയ്യുന്നില്ലെങ്കിലും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല.