വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നതും പോക്‌സോ പ്രകാരം കുറ്റമെന്ന് സുപ്രീം കോടതി

വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്‌സോ പ്രകാരം കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ശരീര ഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ മാറിടത്തിൽ സ്പർശിക്കുന്നത് കുറ്റകരമാണെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു.

ശരീര ഭാഗങ്ങൾ സ്പർശിക്കാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണ്. വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്പർശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി

പോക്‌സോ നിയമത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളണമെങ്കിൽ ഹൈക്കോടതി നടത്തിയതുപോലെ ഒരു നേരിയ വ്യാഖ്യാനം നടത്തിയാൽ മതിയാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ശരീരങ്ങൾ തമ്മിൽ നേരിട്ട് സ്പർശനമുണ്ടായാൽ മാത്രമേ അതിനെ പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റമായി കണക്കാക്കാൻ കഴിയൂ എന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.