ശബരിമല തീർഥാടനത്തിന് കർശന സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം. സംശയമുള്ളവരുടെ ഇരുമുടി കെട്ട് അടക്കം പരിശോധിക്കും. മണ്ഡലകാലം തുടങ്ങും മുമ്പേ വ്യോമനിരീക്ഷണം അടക്കം തുടങ്ങാനും പോലീസ് രൂപരേഖ തയ്യാറാക്കി. കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള രൂപരേഖ തയ്യാറാക്കിയത്.
ആദ്യഘട്ടത്തിൽ സന്നിധാനത്ത് മാത്രം 265 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പമ്പയിലും നിലയ്ക്കലിലുമാണ് 190 പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്താണ് ശബരിമല ചീഫ് പോലീസ് കോർഡിനേറ്റർ.
ശബരിമലയിൽ ഭീകരവാദികളോ മാവോയിസ്റ്റുകളോ വേഷം മാറിയെത്താൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതനുസരിച്ചാണ് സുരക്ഷ വർധിപ്പിക്കുന്നത്. തീർഥാടന കാലത്ത് എല്ലാ സമയത്തും വനമേഖലയിൽ പരിശോധന വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.