മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ജയിൽ മോചിതനായി. വ്യാഴാഴ്ച ജാമ്യം ലഭിച്ചെങ്കിലും വെള്ളിയാഴ്ച ജാമ്യ നടപടികൾ പൂർത്തിയാക്കി രേഖകൾ ജയിലിൽ വൈകിട്ട് 5.30ന് മുൻപ് സമർപ്പിക്കാൻ അഭിഭാഷകർക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്. മകനെ സ്വാകരിക്കാനായി ഷാറുഖ് ഖാൻ വീട്ടിൽനിന്ന് ആർതർ റോഡ് ജയിലിലേക്കു തിരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷാരൂഖ് ഖാൻ ബാന്ദ്രയിലെ തന്റെ ബംഗ്ലാവായ മന്നത്ത് നിന്ന് സെൻട്രൽ മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് പോയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ആർതർ റോഡ് സെൻട്രൽ ജയിലിന് പുറത്ത് ഷാരൂഖ് ഖാനെത്തുമ്പോൾ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ പൊലീസ് വൻ സുരക്ഷാ സംവിധാനം ഒരുക്കിയതായാണ് വിവരം.
ഷാറുഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്. 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യം അനുവദിച്ചത്. കേസ് സംബന്ധിച്ച് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്താൻ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണമെന്നും ജാമ്യ വ്യവസ്തയിൽ പറയുന്നു.
ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകൾ. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം. 23 ദിവസം ആര്യൻ ആർതർ റോഡ് ജയിലിൽ ആയിരുന്നു.