കലാശപ്പോരാട്ടം ഇന്ന്; സിഎസ്‌കെ x കെകെആര്‍

 

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന്. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയും ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കെകെആറും തമ്മിലാണ് കിരീട പോരാട്ടം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സിഎസ്‌കെ നാലാം കിരീടം സ്വപ്‌നം കാണുമ്പോള്‍ കെകെആര്‍ ലക്ഷ്യമിടുന്നത് മൂന്നാം കിരീടമാണ്.കെകെആര്‍ എലിമിനേറ്ററില്‍ ആര്‍സിബിയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് പരാജയപ്പെടുത്തിയത്.

അതേ സമയം ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് സിഎസ്‌കെയുടെ ഫൈനല്‍ പ്രവേശനം. എംഎസ് ധോണിയുടെ കരിയറിലെ അവസാന സീസണായി ഇത് മാറാന്‍ സാധ്യതയുള്ളതില്‍ കിരീടത്തോടെ അദ്ദേഹത്തെ യാത്രയാക്കാനുറച്ചാവും സഹതാരങ്ങള്‍ ഇറങ്ങുക. ആവേശ ഫൈനലില്‍ ചില വമ്പന്‍ റെക്കോഡുകളും കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ ബ്രാവോ
ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താനുള്ള സുവര്‍ണ്ണാവസരമാണ് ഡ്വെയ്ന്‍ ബ്രാവോക്ക് മുന്നിലുള്ളത്. നിലവില്‍ 150 മത്സരത്തില്‍ നിന്ന് 166 വിക്കറ്റാണ് ഡ്വെയ്ന്‍ ബ്രാവോക്കുള്ളത്. അമിത് മിശ്ര 154 മത്സരത്തില്‍ നിന്ന് 166 വിക്കറ്റുകള്‍ തന്നെ നേടിയിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ളത് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗയാണ്. 122മത്സരത്തില്‍ നിന്ന് 170 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇന്ന് കെകെആറിനെതിരേ നാല് വിക്കറ്റ് വീഴ്ത്തിയാല്‍ ബ്രാവോക്ക് മലിംഗയുടെ റെക്കോഡിനൊപ്പമെത്താം. അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയാല്‍ മലിംഗയേയും മറികടന്ന് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താം.

4000 റണ്‍സിനരികെ അമ്പാട്ടി റായിഡു
സിഎസ്‌കെയ്ക്കായി ഓപ്പണിങ്ങിലും മധ്യനിരയിലും തിളങ്ങുന്ന താരമാണ് അമ്പാട്ടി റായിഡു. രണ്ടാം പാദത്തില്‍ വലിയ ഫോമിലേക്കെത്താനായില്ലെങ്കിലും ഫൈനലിലും പ്ലേയിങ് 11 റായിഡു ഉണ്ടാകും. 174 മത്സരത്തില്‍ നിന്ന് 3916 റണ്‍സാണ് റായിഡുവിന്റെ പേരിലുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 84 റണ്‍സ് കൂടി നേടിയാല്‍ ഈ നാഴികക്കല്ല് പിന്നിടാന്‍ റായിഡുവിനാവും. ഈ നേട്ടത്തിലെത്തുന്ന 12ാമത്തെ താരമെന്ന ബഹുമതിയാണ് റായിഡുവിനെ കാത്തിരിക്കുന്നത്.

ഓറഞ്ച് ക്യാപ് നേടുന്ന പ്രായം കുറഞ്ഞ താരമാവാന്‍ ഗെയ്ക്‌വാദ്
സിഎസ്‌കെയുടെ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദ് മിന്നും ഫോമിലാണ്. ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ ഗെയ്ക് വാദിന് വേണ്ടത് 23 റണ്‍സാണ്. നിലവില്‍ കെ എല്‍ രാഹുലാണ് ഓറഞ്ച് ക്യാപ്പ് തലയില്‍ അണിയുന്നത്. ഇത്തവണ ഗെയ്ക് വാദ് ഓറഞ്ച് ക്യാപ് നേടിയാല്‍ ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞതാരമെന്ന നേട്ടത്തിലെത്താന്‍ അദ്ദേഹത്തിനാവും. പ്രഥമ സീസണില്‍ 616 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷിന്റെ പേരിലാണ് ഈ റെക്കോഡ്. ഈ നേട്ടത്തിലെത്തുമ്പോള്‍ 25 വയസ് മാത്രമായിരുന്നു ഷോണ്‍ മാര്‍ഷിന്റെ പ്രായം.

ഫൈനലില്‍ തോല്‍ക്കാതെ കെകെആര്‍
ഫൈനലിലെത്തിയാല്‍ കപ്പടിക്കുക എന്നതാണ് കെകെആറിന്റെ ചരിത്രം. 2012,2014 സീസണില്‍ ഫൈനലില്‍ കളിക്കുകയും കിരീടം നേടുകയും ചെയ്യാന്‍ കെകെആറിനായിരുന്നു. സിഎസ്‌കെയേയും പഞ്ചാബ് കിങ്‌സിനെയും പരാജയപ്പെടുത്തിയാണ് കെകെആര്‍ കിരീടം നേടിയത്. രണ്ട് തവണയും കെകെആറിനെ നയിച്ചത് ഗൗതം ഗംഭീറായിരുന്നു. ഇത്തവണ ഓയിന്‍ മോര്‍ഗന്‍ കെകെആര്‍ നായകനായിരിക്കുമ്പോള്‍ ചരിത്രംആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയണം. ഭാഗ്യം ഇത്തവണ നന്നായി തുണക്കുന്ന കെകെആറിന്റെ സ്പിന്‍ മികവാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്.