ഇന്ത്യയെ വൻ സൈനിക ശക്തിയാക്കും; ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . പുതിയ കമ്പനികൾ പ്രതിരോധ മേഖലയുടെ മുഖം മാറ്റുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മ്യുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എംഐഎൽ), ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫർട്ട്‌സ് ലിമിറ്റഡ് (ടിസിഎൽ), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈൽ), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് (ഐഒഎൽ), ഗ്ലൈഡേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎൽ), എന്നിവയാണ് പുതിയ ഏഴ് പ്രതിരോധ കമ്പനികൾ.

അതേസമയം രാജ്യത്തെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കുന്നതിന്റെ ഭാഗമായി ഓർഡ്നൻസ് ഫാക്ടറി ബോർഡിനെ ഒരു വകുപ്പിൽ നിന്ന് പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളായി മാറ്റാൻ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഈ നീക്കം മെച്ചപ്പെട്ട സ്വയംഭരണവും കാര്യക്ഷമതയും കൈവരിക്കാനും പുതിയ വളർച്ചാ സാധ്യതകൾ ഉയർത്തിക്കൊണ്ട് വരാനും സഹായകമാകും എന്നാണ് കേന്ദത്തിന്റെ വിലയിരുത്തൽ.