ന്യൂഡല്‍ഹി: അഫ്ഗാന്‍ ജനതയ്ക്ക് തടസ്സങ്ങളില്ലാതെ സഹായം ലഭിക്കുന്നു എന്നുറപ്പാക്കാന്‍ രാജ്യാന്തര സമൂഹത്തിനു ബാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ജി20 രാജ്യങ്ങളുടെ അസാധാരണ സമ്മേളനത്തില്‍ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു നരേന്ദ്ര മോദി. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരമാണ് മോദി സമ്മേളനത്തില്‍ പങ്കെടുത്തത്.
അഫ്ഗാനും ഇന്ത്യയുമായുള്ള ബന്ധം മോദി അനുസ്മരിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 500 വികസന പദ്ധതികള്‍ ഇന്ത്യ അവിടെ നടപ്പാക്കിയിട്ടുണ്ട്. ചിലത് ഇപ്പോഴും തുടരുന്നു. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകരവാദത്തിന്റെയും മതമൗലികവാദത്തിന്റെയും വിളനിലമാകരുതെന്ന നിലപാട് മോദി ആവര്‍ത്തിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആ രാജ്യം നേടിയെടുത്ത വികസനം നിലനിര്‍ത്താനും തുടരാനും എല്ലാവര്‍ക്കും പങ്കാളിത്തമുള്ള സര്‍ക്കാര്‍ അവിടെ വരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.