ഇടുക്കി ഡാം തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനം; ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

കട്ടപ്പന: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ട്. എന്നാല്‍, അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷന്‍ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് നല്‍കണം. ഇതിന് ഒരടിയില്‍ താഴെ ജലനിരപ്പ് ഉയര്‍ന്നാല്‍ മതി. 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് നല്‍കിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണം. എന്നാല്‍ നിലവിലെ സാഹചര്യത്തി തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടല്‍. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്.