പട്ന: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. സുശാന്തിന്റെ പിതാവ് കൃഷ്ണ കിഷോര്‍ സിങ്ങിന്റെ പരാതിയിലാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്. റിയയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേരുടെ പേരും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് റിയക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പട്ന ഐ.ജി. സഞ്ജയ് സിങ് അറിയിച്ചു. സുശാന്തിന്റെ മരണത്തില്‍ മുംബൈ പൊലീസിന്റെ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക് നീളുന്നതിനിടെയാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
സുശാന്തിന്റെ മരണശേഷം കാമുകിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ റിയക്കെതിരെ സുശാന്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. സുശാന്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് റിയ ആവശ്യപ്പെടുമ്പോഴാണ് അവര്‍ക്കെതിരെ സുശാന്തിന്റെ പിതാവ് പരാതിയുമായെത്തിയിരിക്കുന്നത്. റിയയ്ക്ക് സുശാന്തുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. വലിയ തുകയും ആഭരണങ്ങളും ക്രെഡിറ്റ് കാര്‍ഡും ലാപ് ടോപ്പുകളും ഉള്‍പ്പെടെ റിയ കൈക്കലാക്കിയിരുന്നു. മെഡിക്കല്‍ റെക്കോര്‍ഡുകളും സുപ്രധാന രേഖകളും കൈക്കലാക്കിയശേഷം സുശാന്തിന്റെ നമ്പര്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു. സാമ്പത്തികമായി വഞ്ചിക്കുകയും മാനസികമായി പീഡീപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019ല്‍ റിയയെ കാണുന്നതുവരെ സുശാന്തിന് മാനസിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു. പിന്നെങ്ങനെയാണ് സുശാന്ത് വിഷാദരോഗത്തിന് അടിമപ്പെട്ടത് എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. അത്തരമൊരു ചികിത്സ തേടുന്ന കാര്യം എന്തുകൊണ്ട് സുശാന്ത് കുടുബാംഗങ്ങളുമായി സംസാരിച്ചിരുന്നില്ലെന്നതും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ പതിനാലിനാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.