മൈസൂർ കൂട്ടബലാത്സംഗ കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവെച്ചു കൊല്ലണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ പ്രതികളെ അനുവദിക്കരുത്. ഹൈദരാബാദ് പോലീസിന്റെ നടപടി കർണാടകയും മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു
ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് നാല് പ്രതികളെ പിടികൂടിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ ചാമുണ്ഡി ഹിൽസിൽ ആക്ടിവായിരുന്ന 20 സിമ്മുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിൽ ആറ് സിമ്മുകൾ പെൺകുട്ടി പഠിക്കുന്ന കോളജിലെ വിദ്യാർഥികളുടേത് തന്നെയായിരുന്നു
മൂന്ന് സിമ്മുകൾ കേരളത്തിലും ഒരെണ്ണം തമിഴ്‌നാട്ടിലും രജിസ്റ്റർ ചെയ്തതാണ്. നാല് വിദ്യാർഥികളും പരീക്ഷ എഴുതാതെ ഹോസ്റ്റലിൽ നിന്ന് പോയതായും പോലീസ് കണ്ടെത്തി. തുടർന്നാണ് തമിഴ്‌നാട്ടിൽ വെച്ച് ഇവരെ പിടികൂടിയത്.