വീണ്ടും ആശങ്ക: കൊവിഡ് ഭേദമായവരില്‍ ‘അസ്ഥി മരണം’; മുംബൈയില്‍ മൂന്നു പേര്‍ക്ക് രോഗം

മുംബൈ: ബ്ലാക്ക് ഫംഗസിന് പിന്നാലെ കൊവിഡ് ഭേദമായവരില്‍ അവസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥി ടിഷ്യു നശിക്കുന്ന രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ രോഗാവസ്ഥയുമായി മൂന്നു പേര്‍ മുംബൈയില്‍ ചികിത്സ തേടിയതായി സ്ഥിരീകരിച്ചു.

കൊവിഡ് സ്ഥിരീകരിച്ച് രണ്ട് മാസത്തിന് ശേഷമാണ് എ.വി.എന്‍ ബാധിച്ച് ഇവര്‍ ചികിത്സ തേടിയത്. മഹിമിലെ ഹിന്ദുജ ആശുപത്രിയിലാണ് ഈ രോഗം ബാധിച്ച മൂന്നു പേരും ചികിത്സ തേടിയതെന്ന് റിപ്പോര്‍ട്ട്. 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് രോഗം പിടിപെട്ടത്.

തുടയിലെ അസ്ഥിയുടെ ഏറ്റവും മുകളിലെ ഭാഗത്ത് വേദന അനുഭവപ്പെടുകയും ഡോക്ടര്‍മാരായതിനാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വേഗം ചികിത്സ തേടുകയുമായിരുന്നെന്നും മഹിം ഹിന്ദുജ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജയ് അഗര്‍വാല പറഞ്ഞു.

കൊവിഡ് ചികിത്സക്കുള്ള സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് ഈ രോഗവും കറുത്ത ഫംഗസും തമ്മിലുള്ള പൊതു ഘടകമെന്നും സഞ്ജയ് അഗര്‍വാല തന്റെ ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. അതേസമയം, അവസ്‌കുലര്‍ നെക്രോസിസ് കേസുകള്‍ വരും ദിവസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍.