പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു

പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ ജിയാംഗ്‌സു സ്വദേശിയായ 41കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.

എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യം വ്യക്തമല്ല. ഗുരുതരമല്ലാത്ത ഈ വൈറസ് പടർന്നുപിടിക്കാൻ സാധ്യതയില്ലെന്നാണ് ചൈനീസ് ആരോഗ്യവിദഗ്ധർ പറയുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. പക്ഷിപ്പനിയുടെ H7N9 വകഭേദത്തെ തുടർന്ന് 2016-17 കാലത്ത് ചൈനയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.