പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. പ്രോടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പാകെയാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.

അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞക്കെത്തുന്നത്. കെ ബാബു, എ വിൻസെന്റ് എന്നീ എംഎൽഎമാർ ഇന്ന് സഭയിലെത്തിയിട്ടില്ല. ഇവർ കൊവിഡ് ക്വാറന്റൈനിലാണ്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് സ്പീക്കറുടെ ചേംബറിൽ നടക്കും.

സഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ 53 പേർ പുതുമുഖങ്ങളാണ്. പതിനാലാം നിയമസഭയിലെ 75 അംഗങ്ങൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12 പേർ അതിന് മുമ്പുള്ള നിയമസഭകളിൽ അംഗമായിരുന്നവരാണ്. സഭയിൽ ഉള്ളവരിൽ ഏറ്റവും സീനിയർ ഉമ്മൻ ചാണ്ടിയാണ്. തുടർച്ചയായ 12ാം തവണയാണ് ഉമ്മൻ ചാണ്ടി സഭയിലെത്തുന്നത്.

നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം ബി രാജേഷാണ് ഇടതുപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥി. പി സി വിഷ്ണുനാഥ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയാകും. 26, 27 തീയതികളിൽ സഭ ചേരില്ല. 28ന് ഗവർണറുടെ നയപ്രഖ്യാപനം. ജൂൺ 4നാണ് ബജറ്റ് അവതരണം.