മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ്-ഡല്‍ഹി മേഖലകളിലായി ഉള്‍പ്പെട്ട ഗസീയബാദിലാണ് ആക്രമണം നടന്നത്. മാധ്യമ പ്രവര്‍ത്തകനായ വിക്രം ജോഷി, രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങിവരുന്ന വഴിയായായിരുന്നു ആക്രമണം.
തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. ജോഷിയുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വിജയ് നഗര്‍ ഏരിയയില്‍ നടന്ന ഈ ആക്രമണത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ബൈക്കില്‍ വരുന്ന മാധ്യമപ്രവര്‍ത്തകനെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന് വാഹനത്തില്‍ നിന്ന് വലിച്ചിഴച്ച് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്. വിക്രം ജോഷിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന