കേസുകള്‍ ദിവസേനെ കുതിച്ചുയരുന്നു; താളം തെറ്റി കൊവിഡ് വാക്‌സിനേഷന്‍: ഇന്ത്യയ്ക്ക് പിഴച്ചതെവിടെ

 

ബംഗളൂരു: രാജ്യത്ത് 18 പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചത് ഈ മാസമാണ്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് തുടരുന്നതിനിടെയാണ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ നല്‍കാന്‍ പരിമിതമായ സ്റ്റോക്ക് മാത്രമേ ഉള്ളൂവെന്ന് സംസ്ഥാനങ്ങള്‍ പറഞ്ഞതോടെ കുത്തിവയ്പ്പിന്റെ വേഗത കുറഞ്ഞു. അതേസമയം, ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് കേസുകള്‍ ഇപ്പോഴും റെക്കോര്‍ഡ് വേഗതയില്‍ ഉയരുകയാണ്.

പ്രതിരോധ കുത്തിവയ്പ്പുകളുടെ മാന്ദ്യത്തോടൊപ്പം, കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ ഒക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചു. ഞായറാഴ്ച ഇന്ത്യയില്‍ 403,738 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4092 മരണവും റിപ്പോര്‍ട്ട് ചെയ്തു. മൊത്തത്തില്‍, ഇന്ത്യയില്‍ 22 ദശലക്ഷത്തിലധികം അണുബാധകളും 240,000 മരണങ്ങളും സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹാരം നിയന്ത്രിക്കാന്‍ സുപ്രീം കോടതി 12 അംഗ സമിതിയെ നിയോഗിച്ചു. രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ദരെ ഉള്‍പ്പെടുത്തിയാണ് സുപ്രീം കോടതി സമിതിയെ രൂപീകരിത്തിരിക്കുന്നത്. ഈ സമിതി രാജ്യത്തെ ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കും, കൂടാതെ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ ജനുവരി മാസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍ മന്ദഗതിയിലാണ് നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സമയത്ത് തന്നെ രാജ്യത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ കൊവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്തു. ഏകദേശം 64 ദശലക്ഷം ഡോസ് വാക്‌സിന്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്‌തെന്നാണ് കണക്ക്.

എന്നാല്‍ മാര്‍ച്ച് ഏപ്രില്‍ മാസമായതോടെ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ തുടങ്ങി. ഇതോടെ കയറ്റുമതി കുറച്ച് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്തെ ജനങ്ങളിലേക്ക് പോയി. ഇതുവരെ ഇന്ത്യയിലെ 10 ശതമാനം ജനസംഖ്യകള്‍ക്ക് മാത്രമാണ് ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ ലഭിച്ചത്. ജനസംഖ്യയുടെ 2.5 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചതെന്ന് എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ ആദ്യം, കേസുകള്‍ കുതിച്ചുയരുന്ന സമയത്ത് 3.5 ദശലക്ഷം വാക്‌സിന്‍ ഷോട്ടുകളാണ് നല്‍കിയത്. എന്നാല്‍ ഈ സംഖ്യ ദിവസങ്ങള്‍ കഴിയുമ്പോള്‍ ചുരുങ്ങി വന്നു. കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ശരാശരി 1.3 ദശലക്ഷം ഷോട്ട് വാക്‌സിനുകളാണ് ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയത്. ഏപ്രില്‍ 6 നും മെയ് 6 നും ഇടയില്‍, പ്രതിദിന ഡോസുകള്‍ 38% കുറഞ്ഞു. ആ സമയത്ത് കേസുകള്‍ മൂന്നിരട്ടിയും മരണ നിരക്ക് ആറിരട്ടിയുമായി ഉയര്‍ന്നെന്ന് ഇന്ത്യയുടെ പകര്‍ച്ചവ്യാധി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന മിഷിഗണ്‍ സര്‍വകലാശാലയിലെ ബയോസ്റ്റാറ്റിസ്റ്റിസ്റ്റായ ഭ്രമര്‍ മുഖര്‍ജി അഭിപ്രായപ്പെട്ടു. വാക്‌സിന്‍ കുത്തിവയ്പ്പ് കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ലഭ്യതക്കുറവാണെന്നാണ് വിദഗ്ദര്‍ പറയുന്നത്