വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍.
നളിനി ശ്രീഹരന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് അഭിഭാഷകന് പറയുന്നു. രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി 29 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. വെല്ലൂര്‍ വനിത ജയിലില്‍ ആണ് നളിനിയെ പാര്‍പ്പിച്ചിരിക്കുന്നത്. നളിനിയുടെ അഭിഭാഷകന് പുകളേന്തി ആത്മഹത്യാ ശ്രമത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
കഴിഞ്ഞ 29 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് ഇത്തരൊരു ശ്രമം നളിനിയില്‍ നിന്നും ഉണ്ടാവുന്നതെന്നും പുകളേന്തി പറഞ്ഞു.
അതുകൊണ്ട് തന്നെ നളിനിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിലുളള യഥാര്‍ത്ഥ കാരണം അറിയണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു. നളിനിയുടെ ഭര്‍ത്താവ് മുരുകനും രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
ജയിലില്‍ നിന്നും ഫോണ്‍ വഴി അഭിഭാഷകനുമായി സംസാരിച്ച മുരുകന് നളിനിയെ വെല്ലൂര്‍ ജയിലില്‍ നിന്നും പുഴല്‍ ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട നിയമനടപടികളിലേക്ക് കടക്കുമെന്ന് പുകഴേന്തി വ്യക്തമാക്കി.