പ്ലസ്ടു പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാൻ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി വാഹന റാലി; മലപ്പുറത്ത് 20 വിദ്യാർത്ഥികൾക്കെതിരെ കേസ്

 

മലപ്പുറം: പ്ലസ് ടു പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാൻ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ പോലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാഹന റാലികളുമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികളെയാണ് കോട്ടക്കൽ പോലീസ് തടഞ്ഞത്.

പുത്തൂർ ബൈപാസ് റോഡിൽ നിന്നും വാഹന റാലിയായി കോട്ടപ്പടി വഴി കോട്ടക്കൽ ടൗണിലേക്ക് റാലി നടത്താനായിരുന്നു വിദ്യാർത്ഥികളുടെ പദ്ധതി. കാറുകളിലും ബൈക്കുകളിലും മാസ്‌ക് ധരിക്കാതെയും വാഹനത്തിന്റെ മുകളിൽ കയറിയിരുന്നുമായിരുന്നു ആഘോഷം. കോട്ടപ്പടിയിൽ വെച്ചാണ് വിദ്യാർത്ഥികളെ പോലീസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

  1. ആഡംബര വാഹനങ്ങൾ ഉൾപ്പെടെ നാല് വാഹനങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാതെ റോഡിൽ ഗതാഗത തടസം ഉണ്ടായതോടെ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.