വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റ് ജനറലുമായി അനൗദ്യോഗിക സംഭാഷണം നടത്തിയ മന്ത്രി കെ ടി ജലീലിനെതിരെ ബെന്നി ബെഹന്നാൻ എംപി പ്രധാനമന്ത്രിക്ക് പരാതി നൽകി. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേറ്ററി ആക്ട്(ഫെറ) ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി.
ഫെറ നിയമത്തിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമനിർമാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ് ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.
മന്ത്രിയുടേത് അഞ്ച് വർഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. മന്ത്രിക്കെതിരെ അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണം. കോടതിയിൽ വിചാരണക്ക് വിധേയമാക്കണമെന്നും ബെന്നി ബെഹന്നാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.