പാലക്കാട് ജില്ലയിൽ ഇന്ന് 87 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 67 പേരും പട്ടാമ്പി മത്സ്യമാർക്കറ്റിലുള്ളവരാണ്. പട്ടാമ്പിയിൽ നടത്തിയ റാപിഡ് ടെസ്റ്റിലാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. പട്ടാമ്പിയിൽ മെഗാ ക്യാമ്പ് വഴി കൊവിഡ് പരിശോധന തുടരുകയാണ്.
ബാക്കിയുള്ള 14 പേരിൽ 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചെർപ്പുളശ്ശേരിയിലെ 27കാരനും മാത്തൂർ സ്വദേശിയായ ആറ് വയസ്സുകാരിയുടെയുമാണ് രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തത്.
പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇന്നലെ മാർക്കറ്റിൽ റാപിഡ് ടെസ്റ്റ് നടത്തിയത്. 525 പേർക്ക് പരിശോധന നടത്തിയതിലാണ് 67 പേർക്കും രോഗം സ്ഥിരീകരിച്ചത്