കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി; വൊളന്റിയര്‍മാരെ തിരഞ്ഞ് എയിംസ്

കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ പരീക്ഷിക്കാന്‍ വോളന്റിയര്‍മാരെ കണ്ടെത്താനുള്ള പ്രക്രിയ എയിംസ് ആരംഭിച്ചു.

മരുന്ന് പരീക്ഷണം നടത്താനായി എയിംസ് എത്തിക്‌സ് കമ്മിറ്റി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. മനുഷ്യരില്‍ മരുന്ന് പരീക്ഷണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ നടത്താനായി ഐസിഎംആര്‍ തെരഞ്ഞെടുത്ത പന്ത്രണ്ട് ആശുപത്രികളില്‍ ഒന്നാണ് എയിംസ്.

കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിരഞ്ഞെടുത്തത്. ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ൽ 375 പേരിലാണ് പരീക്ഷിക്കുക. ഇതിൽ പരമാവധി 100 പേർ എയിംസിൽ നിന്നുള്ളവരായിരിക്കും.

ആദ്യ ഘട്ടത്തില്‍ 375പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. ‘തിങ്കളാഴ്ച മുതല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കും. കോവിഡ് ബാധയില്ലാത്ത തികഞ്ഞ ആരോഗ്യമുള്ളവരെയാണ് ആദ്യഘട്ടത്തില്‍ മരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്.’-എയിംസിലെ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

പതിനെട്ടിനും 55നും ഇടയിലുള്ളവരിലാണ് പരീക്ഷണം നടത്തുന്നത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മരുന്നു പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്. [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് സന്ദേശമയക്കുകയോ 7428847499 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.