Headlines

ദോഹയിൽ അറബ്-ഇസ്ലാമിക് ഉച്ചകോടി; ഇസ്രയേലിന് കനത്ത മറുപടി നൽകിയേക്കും

ഇസ്രയേലിനെതിരെ അറബ്-ഇസ്ലാമിക് ഐക്യ മുന്നണി നീക്കമുണ്ടാകുമോയെന്ന് ഇന്നറിയാം. ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി ഇന്ന് ഖത്തറിൽ നടക്കും. ഇന്നലെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ കടുത്ത പ്രതികരണവുമായാണ് അറബ് നേതാക്കൾ രംഗത്തെത്തിയത്. ഇസ്രയേലിന് ശക്തമായ മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു

ഇസ്രയേൽ ഖത്തറിനുമേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ ഉള്ളടക്കത്തിലേക്കാണ് ലോകം ഉറ്റു നോക്കുന്നത്. ഒരു സംഘടിതമായ നീക്കം തള്ളാനാകില്ലെന്നാണ് അറബ് നേതാക്കൾ ഇന്നലെ നടത്തിയ പ്രതികരണം സൂചിപ്പിക്കുന്നത്. ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പറഞ്ഞിരുന്നു.

ഗസയ്ക്കുമേലുള്ള ആക്രമണം അവസാനിപ്പിക്കുന്നതിയനായി മുന്നോട്ടു വയ്ക്കുന്ന എല്ലാ നിർദേശങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ യുദ്ധം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര സമൂഹം തുടരുന്ന നിശബ്ദതയും നിഷ്ക്രിയത്വവുമാണ് കുറ്റകൃത്യങ്ങൾ തുടരാൻ ഇസ്രയേലിന് ധൈര്യം നൽകുന്നതെന്നാണ് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൾ ഗെയ്റ്റിന്റെ പ്രതികരണം. ഇതിനിടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ഇന്നലെ രാത്രി ദോഹയിൽ എത്തി. നയതന്ത്ര സമ്മർദ്ദമാണോ സൈനിക നടപടിയാണോ അറബ് രാജ്യങ്ങളുടെ അടുത്ത നീക്കം എന്നാണ് അറിയേണ്ടത്.