സുരക്ഷിതരായി എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണം ;വയനാട് ജില്ലാ കളക്ടർ ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന വോട്ടെടുപ്പില്‍ അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ്. ഇവര്‍ സ്വന്തം വാഹനങ്ങളിലാണ് പോളിങ് ബൂത്തുകളില്‍ എത്തേണ്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും നേരിട്ട് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പോളിങ് ഓഫീസര്‍മാര്‍ക്ക് പി.പി.ഇ കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 756 കോവിഡ് രോഗികളാണ്. 400ല്‍ പരം ആളുകള്‍ കോവിഡ് നിരീക്ഷണത്തിലുമുണ്ട്.

കോളനികളില്‍ മദ്യം, പണം എന്നിവ നല്‍കി വോട്ട് നേടുന്നതിനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഇത് തടയുന്നതിനായി കോളനികള്‍ കേന്ദ്രീകരിച്ച് മഫ്ടിയില്‍ ഉള്‍പ്പെടെ 40 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മതസ്പര്‍ദ്ധ, വ്യക്തിവിദ്വോഷം, സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു.

ഇരട്ടവോട്ട് തടയുന്നതിനായി ഹൈക്കോടതി നിര്‍ദേശിച്ച എല്ലാ ക്രമീകരണങ്ങളും പോളിങ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കു പുറമെ ബൂത്ത് ഏജന്റുമാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ പൂര്‍ണ സുരക്ഷിത ബോധത്തോടെ വോട്ട് ചെയ്യാനെത്താമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പോളിങ് ഉദ്യോഗസ്ഥരില്‍ 60 ശതമാനം പേരും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി വോട്ടു ചെയ്തിട്ടുണ്ട്. അല്ലാത്തവര്‍ക്ക് തപാലില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചു നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു.