തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഹരിത പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തേണ്ടത്. മദ്യം, പണം, ഭീഷണി എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ, പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ളവരെ സ്വാധീനം ചെലുത്തുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിയില്‍ പൊതുജനങ്ങള്‍ വോട്ട് ചെയ്യാന്‍ വിമുഖത കാണിക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. എല്ലാവരെയും പോളിങ് ബൂത്തുകളില്‍ എത്തിക്കാന്‍ കഴിയണം. ഈ സാഹചര്യങ്ങളില്‍ പരമാവധി ആളുകളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പാര്‍ട്ടികളുടെയും സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകള്‍ ഇതിനോടകം സജ്ജമായിട്ടുണ്ട്. വരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരിശീലന പരിപാടികളും പൂര്‍ത്തിയാക്കി. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം പുരോഗമിച്ച് വരികയാണ്. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ജയപ്രകാശ്, മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. *പൊതുവായ നിര്‍ദ്ദേശങ്ങള്‍:* – ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ല. മോസ്‌ക്കുകള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാ സ്ഥലങ്ങള്‍, മത സ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. . ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ, ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല. – പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥപിക്കാന്‍ പാടില്ല. – സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. . വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല. . പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്രചാരണത്തില്‍ പ്ലാസ്റ്റിക്, ഫ്ളക്സ് എന്നിവ ഒഴിവാക്കിയുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കാന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ബാധ്യസ്ഥരാണ്. *ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയുടെ അച്ചടിയില്‍ പാലിക്കേണ്ട വ്യവസ്ഥകള്‍* . ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും, മേല്‍വിലാസവും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ അച്ചടിക്കുന്നതിന് മുമ്പായി പ്രസാധകനെ തിരിച്ചറിയതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫാമിലുള്ള ഒരു പ്രഖ്യാപനം പ്രസ്സുടമക്ക് നല്‍കേണ്ടതും അച്ചടിച്ച ശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫാമില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്ക് അയച്ചുകൊടുക്കേണ്ടതുമാണ്. ഈ നിയമ വ്യവസ്ഥയുടെ ലംഘനം ആറു മാസം വരെ തടവോ 2000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ തെരഞ്ഞെടുപ്പ് പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചതും ഉയര്‍ത്തിയതും സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോമല്‍ അറിയിക്കുകയും വേണം.
The Best Online Portal in Malayalam