സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി; വിധിയെഴുതുന്നത് 2.74 കോടി പേര്‍

തിരുവനന്തപുരം: ഒരുമാസത്തിലേറെ നീണ്ടുനിന്ന വാദ-പ്രതിവാദങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ശേഷം കേരളത്തില്‍ നിയമസഭാ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ആറുമുതല്‍ ബൂത്തുകളില്‍ മോക്‌പോള്‍ നടത്തിയ ശേഷമാണ് പോളിങ് തുടങ്ങിയത്. തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ മോക് പോള്‍ രേഖപ്പെടുത്തി വിവിപാറ്റ് ഉള്‍പ്പെടെയുള്ളവയുടെ കൃത്യത ഉറപ്പുവരുത്തിയാണ് വോട്ടെടുപ്പിലേക്കു നീങ്ങിയത്. ചിലയിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് മെഷീനിലും തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിഹരിച്ച ശേഷമാണ് പോളിങ് ആരംഭിക്കുക. രാവിലെ ഏഴിനു തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ഏഴ് വരെ തുടരും.

സംസ്ഥാനത്ത് ആകെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇക്കുറി ജനവിധി തേടുന്നത്. 1.32 കോടി പുരുഷന്മാരും 1.41 കോടി വനിതകളും 290 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പടെ 2.74 കോടി (2,74,46,039) വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. 40,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മാവോവാദി ഭീഷണിയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ വൈകീട്ട് ആറിന് അവസാനിക്കും.

തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി 59,292 പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസേനകളുടെ 140 കമ്പനിയും രംഗത്തുണ്ട്. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ കനത്ത സുരക്ഷയുണ്ടാകും. വെബ്കാസ്റ്റിങ് അടക്കം സംവിധാനങ്ങളും ഏര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംഘര്‍ഷം ഇല്ലാതാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.