യു.ഡി എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ മഹാപ്രളയത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തും: രമേശ് ചെന്നിത്തല

യു.ഡി എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ മഹാപ്രളയത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിന്റെ അടിത്തറ തകർത്ത 2018 ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ഞാന്‍ അന്ന് തന്നെ ചൂണ്ടിക്കാട്ടിയതാണ്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (ഐ.ഐ.എസ് സി) ശാസ്ത്രീയപഠനങ്ങളിലൂടെ അത് ശരിവച്ചിരിക്കുകയാണ്.നേരത്തേ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിഗമനത്തിലെത്തിച്ചേര്‍ന്നിരുന്നു.

തികഞ്ഞ ലാഘവത്തോടെ ഡാമുകൾ മാനേജ് ചെയ്തതാണ് പ്രളയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കുറ്റപ്പെടുത്താനാണ് ഭരണപക്ഷം ശ്രമിച്ചത്. ഡാം മാനേജ്മെന്റിലെ പിഴവ് ഇപ്പോൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.

ലക്ഷക്കണക്കിന് പേരുടെ സമ്പാദ്യങ്ങളെ നശിപ്പിച്ച 433 പേർ മരിച്ച മഹാപ്രളയത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. യു.ഡി എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ മഹാപ്രളയത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തും.