ഇഡിക്ക് രഹസ്യ അജൻഡയുണ്ടെന്ന് സർക്കാർ; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രഹസ്യ അജൻഡയുണ്ടെന്ന് സംസ്ഥാന സർക്കാർ. ഇ.ഡിയുടെ കസ്റ്റഡിയിലിരുന്നപ്പോഴാണ് ശബ്ദം റെക്കോർഡ് ചെയ്തതെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിലാണ് സർക്കാരിന്റെ മറുപടി സത്യവാങ്മൂലം. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഇഡിക്കെതിരെ കേസെടുത്തത്. ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന ശബ്ദരേഖ റെക്കോർഡ് ചെയ്തതെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്.

സ്വന്തം കൈപ്പടയിലെഴുതിയ കത്തിലും സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇഡിയുടെ ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. ഇഡിക്ക് രഹസ്യ അജൻഡയുണ്ടെന്നും സർക്കാർ പറയുന്നു

ഇ.ഡി അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടറായ പി രാധാകൃഷ്ണൻ പ്രതികളുടെ മൊഴികൾ ദുരുപയോഗം ചെയ്തു. ഉന്നതർക്കെതിരെ ഊഹാപോഹങ്ങൾ പുറത്തുവിടുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഹർജിക്കൊപ്പം മറ്റ് രേഖകളും ഹാജരാക്കിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.