ദുബായ്: സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യം വീണ്ടും മാറ്റി വെച്ച് യുഎഇ. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദൗത്യം നീട്ടിവെച്ചിരിക്കുന്നത്. ജപ്പാനിലെ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നടത്താനിരുന്നത്. പുതിയ തീയതി 24 മണിക്കൂറിനുള്ളിൽ അറിയിക്കുമെന്ന് യുഎഇ ട്വീറ്റ് ചെയ്തു.
ജപ്പാനിലെ സ്പേസ് സെന്ററായ തനെഗഷിമയിൽ നിന്നും ബുധനാഴ്ച വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് 4.43ന് വിക്ഷേപിക്കാൻ പിന്നീട് നിശ്ചയിച്ചു. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിവെച്ചിരിക്കുന്നത്.
200 മില്യൺ ഡോളർ ചെവലിൽ ഒരുങ്ങിയ ദൗത്യത്തിന് ഹോപ് എന്നാണ് പേര് നൽകിയിരിക്കുന്നത്. മിറ്റ്സുബീഷി ഹെവി ഇൻഡസ്ട്രീസിന്റെ എച്ച്2എ റോക്കറ്റാണ് പേടകം വിക്ഷേപിക്കുക. ചൊവ്വയുടെ ഉപരിതല അന്തരീക്ഷത്തെയും കാലാവസ്ഥയേയും പറ്റി പഠിക്കാനാണ് ദൗത്യം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
ഒരു ചൊവ്വാ വർഷമാണ് പേടകം ചൊവ്വയെ വലം വെയ്ക്കുക. 2014 ലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത നൂറ്റാണ്ടിനുള്ളിൽ ചൊവ്വയിൽ ആദ്യത്തെ മനുഷ്യവാസ കേന്ദ്രം നിർമ്മിക്കാനുള്ള പദ്ധതികൾ യുഎഇ
അവതരിപ്പിച്ചുണ്ട്.പദ്ധതി വിജയകരമായാൽ അന്യഗ്രഹത്തിൽ എത്തുന്ന ആദ്യ അറേബ്യൻ രാജ്യമായിരിക്കും യുഎഇ.
യുഎഇ മാത്രമല്ല ഈ മാസം ചൊവ്വയിലേക്ക് ദൗത്യം നടത്തുന്ന രാജ്യം. ചൊവ്വാ പര്യവേക്ഷണത്തിനായി നാസ വിക്ഷേപിക്കാനൊരുങ്ങുന്ന ബഹിരാകാശ പേടകം ‘പെര്സെവറന്സ്ും ഈ മാസത്തോടെ വിക്ഷേപണം നടത്തും. കൂടാതെ അടുത്തയാഴ്ച, ചൈനയും തങ്ങളുടെ ദൗത്യമായ ടിയാൻവെൻ -1 ചൊവ്വയിലേക്ക് അയയ്ക്കും.