കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ ബാവലി ചെക് പോസ്റ്റില്‍ തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കി

ബാവലി: വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ ബാവലി ചെക് പോസ്റ്റില്‍ തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു. ഇന്ന് രാവിലെ മുതലാണ് യാത്രക്കാരെ തടഞ്ഞത്. ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് കാണിച്ചവരെ പോലും തടഞ്ഞതായാണ് പറയുന്നത്. കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നവരെ മാത്രമാണ് കടത്തിവിടുന്നത്. കേരളത്തിലെ യാത്രക്കാര്‍ വാഹനങ്ങള്‍ നിരത്തിലിട്ടതോടെ കര്‍ണ്ണാടകയില്‍ നിന്നും ബാവലി മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയും പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി വരുന്നുണ്ട്.72 മണിക്കൂര്‍ മുമ്പങ്കിലും എടുത്ത ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം സംഘടിപ്പിക്കല്‍ വളരെ ബുദ്ധിമുട്ടാണെന്ന് യാത്രക്കാര്‍ പറയുന്നു. ആന്റി ജന്‍ ടെസ്റ്റിന് പണം കുറവാണ്. കൂടാതെ ഫലം പെട്ടെന്ന് കിട്ടുകയും ചെയ്യും. എന്നാല്‍ ആര്‍ ടി പി സി ആറിന് ചെലവ് കൂടുതലും റിസല്‍ട്ടിന് മൂന്ന് ദിവസമെങ്കിലും കാത്തിരിക്കേണ്ട ഗതികേടുമുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.ഫലത്തില്‍ കേരളീയരെ വലയ്ക്കുന്ന തീരുമാനമാണ് കര്‍ണ്ണാടക കൈക്കൊണ്ടതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.