സ്വർണക്കടത്ത് കേസ് പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകരുതെന്ന് കസ്റ്റംസ്; കേന്ദ്ര ഏജൻസികൾ തമ്മിലടിക്കുന്നു

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ തമ്മിലടിക്കുന്നു. പ്രതികളുടെ രഹസ്യമൊഴികൾ ഇ ഡിക്ക് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികൾ കൈമാറരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇ ഡി നേരത്തെ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കരുതെന്ന് കസ്റ്റംസ് പറയുന്നു. രഹസ്യമൊഴികൾ ഇ ഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു

എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‌ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യഹർജിയും ഇന്ന് കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്. തീവ്രവാദ പ്രവർത്തനം തടയൽ നിയമപ്രകാരം ചുമത്തിയ കേസിൽ തെളിവുകളില്ലെന്നാണ് ജാമ്യാപേക്ഷയിൽ പ്രതികൾ പറയുന്നത്.