സുൽത്താൻ ബത്തേരി:ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് കരാറുകാരന് വീടുകള്‍ നിര്‍മ്മിച്ചതിനാലാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ മൂന്ന് ഗുണഭോക്താക്കള്‍ക്ക് ധനസഹായ തുകയില്‍ ഒന്നാം ഗഡു ഒഴികെയുളളവ അനുവദിക്കാതി രുന്നതെന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ സി. ഇസ്മയില്‍ അറിയിച്ചു.
2016 -17 വര്‍ഷത്തെ ജനറല്‍ ഹൗസിംഗ് പദ്ധതി പ്രകാരമുളള ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീടിന്റെ തറപണി പൂര്‍ത്തീകരിച്ച ശേഷം നിശ്ചിത നിലവരാമില്ലാത്ത ഹോളോബ്ലോക്ക് ഉപയോഗിച്ച് ചുമര് കെട്ടുന്നത് തുടങ്ങിയപ്പോള്‍ തന്നെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇടപ്പെട്ട് നിര്‍മ്മാണം വിലക്കിയിരുന്നു. എന്നാല്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ നിര്‍ദ്ദേശം അവഗണിച്ച് ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുകയായിരുന്നു.
ഭവന നിര്‍മ്മാണത്തിന് ഉപയോഗിച്ച സിമന്റ് ഹോളോ ബ്ലോക്കിന്റെ ഗുണമേന്മ പരിശോധിച്ച് കല്‍പ്പറ്റ ഐ.ടി.ഡി.പിയിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വീട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തരം സിമന്റ് കട്ടകളല്ല ഉപയോഗിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭവന നിര്‍മ്മാണ ഗ്രാന്റിന്റെ രണ്ട്, മൂന്ന്, നാല് ഗഡുക്കള്‍ അനുവദിക്കാതി രുന്നതെന്നും പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.