പിആര്‍ഡി ഫാക്റ്റ് ചെക്ക് വിഭാഗത്തില്‍ നിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കട്ടരാമനെ പിആര്‍ഡി ഫാക്റ്റ് ചെക്ക് വിഭാഗത്തില്‍ നിന്നു വിവാദങ്ങള്‍ക്കൊടുവില്‍ മാറ്റി. മാധ്യമ വാര്‍ത്തകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ ശ്രീറാം വെങ്കട്ടരാമനെ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ശ്രീറാമിനു പകരം ആരോഗ്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി ബിഎസ് ബിജുഭാസ്‌കറിനാണ് ചുമതല. നേരത്തേ, സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് റിപോര്‍ട്ടര്‍ കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കട്ടരാമനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമവാര്‍ത്തകള്‍ പരിശോധിക്കുന്ന പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്റ്റ് ചെക്ക് സമിതിയില്‍ ശ്രീറാം വെങ്കട്ടരാമനെ ഉള്‍പ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകരും സംഘടനകളും ഉള്‍പ്പെടെ ഇതിനെതിരേ രംഗത്തെത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് മാറ്റിയത്