മുന്നോക്ക സംവരണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വൻ ചതിയെന്ന് കാന്തപുരം വിഭാഗം

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചതിനെതിരെ എ പി സുന്നി വിഭാഗം രംഗത്ത്. മുഖപത്രമായ സിറാജിലൂടെയാണ് മുന്നോക്ക സംവരണത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

 

രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വൻചതിയാണ് സർക്കാർ ചെയ്തതെന്ന് കാന്തപുരം വിഭാഗം വിമർശിക്കുന്നു. സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് സർക്കാർ സംവരണം നടപ്പാക്കിയതെന്നും മുന്നോക്ക സംവരണത്തിൽ നിലവിലെ സംവരണ വിഭാഗങ്ങൾക്ക് നഷ്ടം സംഭവിക്കുമെന്ന് കണക്കുകളിൽ വ്യക്തമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി

ഇടതുപക്ഷത്തോട് അനുഭാവം കാണിക്കുന്നുവെന്ന് പറയപ്പെടുന്ന കാന്തപുരം വിഭാഗത്തിന്റെ സംവരണ വിഷയത്തിലെ നിലപാട് സർക്കാരിന് തലവേദനയുണ്ടാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സർക്കാരിന് ഇത് വിശദീകരിക്കാൻ പാടുപെടേണ്ടതായി വരും. നേരത്തെ എസ് എൻ ഡി പിയും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള സംഘടനകളും മുന്നോക്ക സംവരണത്തിനെതിരെ രംഗത്തുവന്നിരുന്നു.