ഐ.പി.എല്‍ 13ാം സീസണ്‍ ജയത്തോടെ തന്നെ തുടങ്ങിയെങ്കിലും തുടര്‍ന്ള്ള രണ്ട് മത്സരങ്ങള്‍ തോല്‍ക്കാനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിധി. ഇതോടെ ടീമിനെതിരെയും നായകന്‍ ധോണിക്കെതിരെയും ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. ടീമിലേക്ക് സുരേഷ് റെയ്‌നയെ തിരികെ എത്തിക്കണമെന്നാണ് ആരാധകരുടെ പ്രധാന ആവശ്യം.

റെയ്‌നയുടെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്ന്‍ വരെ തുടങ്ങി കഴിഞ്ഞു. മോശം പ്രകടനം നടത്തുന്ന താരങ്ങള്‍ക്കെതിരെ വന്‍തോതില്‍ ട്രോളുകളും ഉയരുന്നുണ്ട്. ‘മുരളി വിജയിന് മുടക്കിയ രണ്ട് കോടി രൂപയുണ്ടായിരുന്നെങ്കില്‍ റെയ്‌നക്ക് ബാല്‍ക്കണിയുള്ള റൂം കൊടുക്കാമായിരുന്നു’ എന്നായിരുന്നു ഒരു ആരാധകന്റെ ട്രോള്‍. ബാല്‍ക്കണിയുള്ള റൂം അനുവദിക്കാത്തതിനാലാണ് റെയ്‌ന യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു

എന്നാല്‍ ഇതിനോടൊന്നും ടീം മുഖം കൊടുക്കുന്നേയില്ല. ‘വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് റെയ്‌ന ഐ.പി.എല്ലില്‍ നിന്ന് സ്വയം പിന്മാറിയതാണ്. ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. റെയ്‌നയുടെ തിരിച്ചുവരവിനെ കുറിച്ച് ടീം ആലോചിക്കുന്നേയില്ല.’ ചെന്നൈ ടീം സി.ഇ.ഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ റെയ്‌നയടക്കമുള്ള താരങ്ങളുടെ അഭാവം ടീമിനെ ബാധിക്കുന്നുണ്ടെന്ന് ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് വ്യക്തമാക്കിയിരുന്നു.

ആദ്യ മത്സരത്തിലെ വിജയശില്പിയായ റായുഡു പരിക്ക് മൂലം കളിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും മുരളി വിജയിക്കും റെയ്‌നക്ക് പകരം ടീമിലെത്തിയ ഋതുരാജ് ഗെയ്ക്ക്വാദിനും ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല എന്നതുമാണ് ചെന്നൈയെ ദുര്‍ബലമാക്കുന്നത്. ഫാഫ് ഡുപ്ലെസിസും സാം കറനും മാത്രമാണ് മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്തുന്നത്. ധോണിയുടെ പ്രകടനത്തിലും ആരാധകരെ ഏരെ നിരാശപ്പെടുത്തുന്നുണ്ട്.