Headlines

എംജി സര്‍വകലാശാല പരീക്ഷാഭവനില്‍ നിന്ന് അനുമതിയില്ലാതെ ഫയല്‍ കൊണ്ടുപോയെന്ന പരാതി; വി സിയുടെ ഓഫീസില്‍ നിന്നും ഫയലുകള്‍ തിരിച്ചെത്തിച്ചു

കോട്ടയം: എംജി സര്‍വകലാശാല പരീക്ഷാഭവനില്‍ നിന്നും വി സിയുടെ ഓഫീസിലേക്ക് കൊണ്ടുപോയ ഫയലുകള്‍ തിരിച്ചെത്തിച്ചു . ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അന്വേഷണം നടത്തുന്നതിനിടയാണ് ഫയലുകള്‍ വിസിയുടെ ഓഫീസ് തിരിച്ച് എത്തിച്ചത്. വിഷയത്തില്‍ സിന്‍ഡിക്കേറ്റ് സെനറ്റ് അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. (Complaint that file taken from MG University Examination Bhavan to vc office)

മുന്‍കൂര്‍ അനുമതി ഇല്ലാതെയും പരീക്ഷ കണ്‍ട്രോള്‍ അറിയിക്കാതെയും ചില ഫയലുകള്‍ വിസിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി എന്നായിരുന്നു പരാതി. അതീവ സുരക്ഷ ഉള്ള പരീക്ഷ ഭവനില്‍ നിന്നും മാര്‍ക്ക് ലിസ്റ്റിന്റെ കൗണ്ടര്‍ ഫോയില്‍ അടക്കമാണ് കൊണ്ടുപോയത്. ഇതില്‍ സെനറ്റ് അംഗങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്കും ചാന്‍സിലേക്കുമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞദിവസം ഫയലുകള്‍ വിസിയുടെ ഓഫീസില്‍ നിന്നും തിരിച്ച് പരീക്ഷാഭവനില്‍ എത്തിച്ചത്. നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ നടത്തിയ ഈ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

പരിശോധനയ്ക്ക് എന്ന പറഞ്ഞായിരുന്നു ഫയലുകള്‍ വി സിയുടെ ഓഫീസിലേക്ക് കൊണ്ടുപോയത്. അതുകൊണ്ടുതന്നെ വിഷയത്തില്‍ മറുപടി വി സി നല്‍കേണ്ടിവരും. അതേസമയം സിന്‍ഡിക്കേറ്റ് വിളിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതും വിമര്‍ശനത്തിനിടയായിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ആകാതിരിക്കാന്‍ ആണ് സിന്‍ഡിക്കേറ്റ് നീട്ടിവെക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.