കേരള സര്‍വകലാശാലയിലെ ഫയല്‍ നീക്കത്തിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കാനുള്ള നീക്കവുമായി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. കെല്‍ട്രോണിന് പകരം ഡിജിറ്റല്‍ ഫയല്‍ പ്രോസസിംഗ് ചുമതല ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് നല്‍കാനാണ് ആലോചന. കഴിഞ്ഞദിവസം ഫയല്‍ പ്രോസസിംഗ് ചുമതല തനിക്ക് നല്‍കണമെന്ന വി സിയുടെ ആവശ്യം സ്വകാര്യ ഏജന്‍സി തള്ളിയിരുന്നു. ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട ജോലി കെല്‍ട്രോണാണ് തങ്ങളെ ഏല്‍പ്പിച്ചത്, അതുകൊണ്ടുതന്നെ കെല്‍ട്രോണ്‍ പറയുന്നവര്‍ക്ക് മാത്രമേ ഫയല്‍ അയക്കാന്‍ പറ്റൂ എന്ന നിലപാടാണ് ഏജന്‍സി സ്വീകരിച്ചത്. പിന്നാലെയാണ് സിസ തോമസ് വി സി യായ ഡിജിറ്റല്‍ സര്‍വകലാശാല ചുമതല നല്‍കാന്‍ ആലോചിക്കുന്നത്.
ഡിജിറ്റല്‍ ഫയലിംഗ് പൂര്‍ണമായി തന്റെ നിയന്ത്രണത്തില്‍ വേണമെന്ന ആവശ്യമാണ് വിസി ഉയര്‍ത്തുന്നത്. സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ട കെല്‍ട്രോണിന്റെ അനുമതി വേണമെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ് അനില്‍ കുമാറിന് തന്നെ ഫയലുകള്‍ അയക്കുമെന്ന തീരുമാനത്തിലേക്കായിരുന്നു പ്രൊവൈഡര്‍മാര്‍ എത്തിയിരുന്നത്. അങ്ങനെയെങ്കില്‍ തനിക്ക് നേരിട്ട് അയക്കണമെന്ന് മോഹനന്‍ കുന്നുമ്മേല്‍ വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നേരിട്ട് സര്‍വീസ് പ്രൊവൈഡര്‍മാരെ വിസി ബന്ധപ്പെട്ടു. എന്നാല്‍, ഇവര്‍ ഈ ആവശ്യം തള്ളുകയായിരുന്നു.
അതേസമയം, കേരള സര്‍വകലാശാല സസ്‌പെന്‍ഷന്‍ വിവാദത്തില്‍ ഗവര്‍ണറെയും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളെയും വിമര്‍ശിച്ച് മുന്‍ സിന്‍ഡിക്കേറ്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജ്യോതികുമാര്‍ ചാമക്കാല രംഗത്തെത്തി.