Headlines

സ്വർണ കള്ളക്കടത്ത്: കേരളത്തിലെ വിമാനത്താവളങ്ങളിൽ കോഴിക്കോട് മുന്നിൽ; രണ്ടാമത് കണ്ണൂരോ കൊച്ചിയോ?

കൊല്ലം ∙ കേരളത്തിലെ 4 രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് കഴിഞ്ഞ 6 വർഷത്തിനിടെ കസ്റ്റംസ് പിടിച്ചത് 1,784.67 കിലോ സ്വർണം. പിടികൂടിയ കാലത്തെ വിലയനുസരിച്ച് സ്വർണത്തിന്റെ വിപണിമൂല്യം 1,021 കോടി രൂപ വരും. 2021 ജനുവരി മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഇത്രയും സ്വർണം പിടികൂടിയത്. 1,041 പേർ അറസ്റ്റിലായി.

പിടികൂടിയ സ്വർണത്തിന്റെ അളവിലും കേസുകളിലും അറസ്റ്റിലും കരിപ്പൂരാണ് മുന്നിൽ. 927.53 കിലോ സ്വർണമാണ് ഇവിടെ പിടികൂടിയത്. വിവരാവകാശ നിയമപ്രകാരം കസ്റ്റംസ് നൽകിയ മറുപടിയിലാണ് ഇൗ കണക്കുകൾ. ഇറക്കുമതി തീരുവയിലെ മാറ്റങ്ങൾമൂലം 2025ൽ സ്വർണം പിടികൂടിയ കേസുകളിലും അളവിലും ഇടിവുണ്ടായി. എന്നാൽ 2026 മേയിൽ ഇറക്കുമതി തീരുവ വീണ്ടും ഉയർത്തിയതോടെ ഇനി കടത്തുസാധ്യത വർധിക്കുമെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.

പിടിച്ച സ്വർണം
വിമാനത്താവളം, സ്വർണം (കിലോ), മൂല്യം, അറസ്റ്റ് എന്നീ ക്രമത്തിൽ:

∙ കോഴിക്കോട് 927.53– 534.91 കോടി– 611
∙ കൊച്ചി 478.94 –285.50 കോടി– 271
∙ കണ്ണൂർ 224.10– 103.16 കോടി– 83
∙ തിരുവനന്തപുരം 154.10– 98.28 കോടി –76