Headlines

സ്ത്രീകൾക്ക് മാസം 2500 രൂപ വീതം അക്കൗണ്ടിൽ: 92% അപേക്ഷകളും ‘പെൻഡിങ്’, 7 ലക്ഷം പേർ കാത്തിരിക്കുന്നു

ന്യൂഡൽഹി∙ സ്ത്രീകൾക്ക് ഓരോ മാസവും 2500 രൂപവീതം ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ 92% അപേക്ഷകളിലും 3 മാസമായിട്ടും തീരുമാനമില്ല. ആകെ 7.52 ലക്ഷം അപേക്ഷകൾ ലഭിച്ചു. ഇതിൽ 2008 എണ്ണം തള്ളി. 48,591 അപേക്ഷകൾ അംഗീകരിച്ചു.

സംസ്ഥാനത്തെ യോഗ്യരായ ഓരോ സ്ത്രീക്കും മാസം 2500 രൂപവീതം നേരിട്ടു ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്ന പദ്ധതി അവതരിപ്പിച്ചത് ഡൽഹി സർക്കാരാണ്. ‘ഡൽഹി ലക്ഷ്മി യോജന’ എന്നാണ് പേര്. സംസ്ഥാനത്ത് ഭറണത്തിലേറിയ ബിജെപി സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു ഇത്. 2500 രൂപയിൽ 1000 രൂപ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച സെൻട്രൽ ബാങ്് ഡിജിറ്റൽ കറൻസി (സിബിഡിസി) വോലറ്റിലും 1500 രൂപ റെക്കറിങ് ഡെപ്പോസിറ്റ് (ആർ‌ഡി) അക്കൗണ്ടിലുമാണ് മാസന്തോറും ലഭ്യമാക്കുക.

സത്രീകൾക്ക് അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാനും ദീർഘകാല സേവിങ്സ് ഉറപ്പാക്കാനുമാണ് ഇത്തരത്തിൽ പണം കൈമാറുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വെരിഫിക്കേഷൻ നടപടികൾ മന്ദഗതിയിൽ ആയതാണ് ഇത്രയും അപേക്ഷകൾ പെൻഡിങ്ങിലാകാൻ കാരണമെന്നാണ് കരുതുന്നത്. സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ്, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ മുഖേന ഇപ്പോൾ പരിശോധനാ നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്ന് മന്ത്രി രവീന്ദ്ര ഇന്ദ്രജ് പറഞ്ഞു.

ആനുകൂല്യം നേടാൻ കടുത്ത നിബന്ധനകൾ ഡൽഹി സർക്കാർ മുന്നോട്ടുവച്ചതും വലിയ ചർച്ചയായിരുന്നു.നിബന്ധനകൾ ഇങ്ങനെ:

∙ 21നും 60നും മധ്യേ പ്രായമുള്ള സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.
∙ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരിക്കണം.
∙ കുടുംബത്തിന്റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപ കവിയരുത്.
∙ അപേക്ഷകയോ ഭർത്താവോ അല്ലെങ്കിൽ മാതാപിതാക്കളോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം.
∙ അപേക്ഷക ഡൽഹിയിലെ വോട്ടർ‌ ആയിരിക്കണം.
∙ കുടുംബത്തിന്റെ പ്രതിവർഷ വൈദ്യുതി ഉപഭോഗം 2400 യൂണിറ്റ് കവിയരുത്.
∙ അപേക്ഷക മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നയാൾ ആകരുത്.
∙ ആദായനികുതി ദായകർ, ജിഎസ്ടി ദായകർ, സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്കും അയോഗ്യത.
∙ അപേക്ഷകയ്ക്കോ കുടുംബത്തിനോ കാർ ഉണ്ടാകരുത്.
∙ മൂന്നിലധികം കുട്ടികളുള്ളവരും അയോഗ്യർ.
∙ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും പദ്ധതിയിൽ ചേരാനാവില്ല.

3ൽ അധികം മക്കളുള്ളവർ പദ്ധതിയിൽ ചേരാൻ അർഹരല്ലെന്ന നിബന്ധന വിവാദമായിരുന്നു. 3-വർഷ ലോക്ക്-ഇൻ കാലാവധിയുള്ളതാണ് പദ്ധതിയിലെ ആർഡി അക്കൗണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമായ 2029ലേ കാലാവധി പൂർത്തിയാക്കി പണം പിൻവലിക്കാനാകൂ.

ബാങ്ക് അക്കൗണ്ടിൽ ഓരോ മാസവും നേരിട്ടു ലഭിക്കുന്ന 1000 രൂപ ചെലവാക്കാനും നിയന്ത്രണങ്ങളുണ്ട്. കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി (സിബിഡിസി) ബന്ധപ്പെടുത്തിയ വോലറ്റിലാണ് 1000 രൂപ ലഭിക്കുക. ഈ പണം ഉപയോഗിച്ച് മദ്യം, പുകയില ഉൽപന്നങ്ങൾ, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ വാങ്ങാനാവില്ല.