Headlines

സാറയും എച്ച് ആൻഡ് എമ്മും ഇന്ത്യയിലേക്ക്; ബംഗ്ലദേശിന് ആഘാതം, നേട്ടം വിയറ്റ്നാം, കംബോഡിയ, ഇന്തൊനീഷ്യ എന്നിവയ്ക്കും

ധാക്ക ∙ ബംഗ്ലദേശിലെ തൊഴിലാളി സമരങ്ങളും വർധിച്ച ഉൽപാദനച്ചെലവും കാരണം മുൻനിര ഫാഷൻ ബ്രാൻഡുകൾ ഓർഡറുകൾ മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റുന്നു. നവംബർ ആദ്യ പകുതിയിൽ സാറ, എച്ച് ആൻഡ് എം എന്നിവയുൾപ്പെടെയുള്ള പ്രമുഖർ തങ്ങളുടെ പ്രതിമാസ ഓർഡറുകളിൽ പത്തിലൊന്ന് ബംഗ്ലദേശിൽ നിന്ന് മാറ്റി. നവംബർ 1നും 18നും ഇടയിൽ ഏകദേശം 254 മില്യൺ ഡോളർ വിലമതിക്കുന്ന ഓർഡറുകളാണ് മാറ്റിയത്; ഇതിൽ സിംഹഭാഗവും ഇന്ത്യയിലേക്കാണ് മാറിയത്.

ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമായ ബംഗ്ലദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം, ഊർജക്ഷാമം, വേതന വർധന എന്നിവ ഉൽപാദനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ബംഗ്ലദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (ബിജിഎംഇഎ) നൽകുന്ന കണക്കുകൾ പ്രകാരം സമരങ്ങൾ മൂലം 400 മില്യൺ ഡോളറിലധികം ഉൽപാദന നഷ്ടം സംഭവിച്ചു.

രാജ്യത്തെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും മാനുഫാക്ചറിങ് മേഖലയിലെ തൊഴിലവസരങ്ങളുടെ 40 ശതമാനവും നൽകുന്നത് വസ്ത്ര കയറ്റുമതിയിൽനിന്നാണ്. ഇന്ത്യയ്‌ക്കൊപ്പം വിയറ്റ്നാം, കംബോഡിയ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളും ഈ മാറ്റത്തിന്റെ ഗുണഭോക്താക്കളാണ്. ബംഗ്ലദേശിലെ സാഹചര്യത്തെത്തുടർന്ന് ഇന്ത്യൻ ടെക്സ്റ്റൈൽ ഓഹരികളിൽ മുന്നേറ്റമുണ്ടായി.