Headlines

പത്മജ, പത്മിനിമാരുടെ കോണ്‍ഗ്രസ് പുനഃപ്രവേശനം വൈകില്ല: നേതാക്കളുമായി കൂടിയാലോചിച്ച് കെപിസിസി നേതൃത്വം വൈകാതെ തീരുമാനമെടുക്കും

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെയും പത്മിനി തോമസിന്റെയും കോണ്‍ഗ്രസ് പുനഃപ്രവേശനം വൈകില്ല. നേതാക്കളുമായി കൂടിയാലോചിച്ച് കെപിസിസി നേതൃത്വം വൈകാതെ തീരുമാനമെടുക്കും. പത്മജാ വേണുഗോപാല്‍ നിരുപാധികം മാപ്പ് പറഞ്ഞതോടെ ഇടഞ്ഞു നില്‍ക്കുന്നവരെ തൃപ്തിപ്പെടുത്താമെന്ന വിലയിരുത്തലിലാണ് കെപിസിസി.

സണ്ണി ജോസഫ് കേരളത്തിലേക്ക് മടങ്ങിയെത്തിയാല്‍ ഉടന്‍ പ്രവേശന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങും. അഭിപ്രായ ഭിന്നതയുള്ള നേതാക്കളുടെ നിലപാട് കൂടി തേടി ആയിരിക്കും കെപിസിസി തീരുമാനമെടുക്കുക. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നിലവില്‍ ഡല്‍ഹിയിലാണ്. പാര്‍ട്ടിയിലെയും മന്ത്രി സഭയിലെയും ഭിന്നതകള്‍ എഐസിസി അധ്യക്ഷനെ സണ്ണി ജോസഫ് ധരിപ്പിക്കുമെന്നാണ് വിവരം. സര്‍ക്കാര്‍- പാര്‍ട്ടി ഏകോപനത്തിന് ഉന്നത സമിതിയെ വെയ്ക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും.

ഇന്നലെ പത്മിനി തോമസ് കെപിസിസി ആസ്ഥാനത്തെത്തി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അംഗത്വം നല്‍കണം എന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫിന് കത്ത് നല്‍കി. പത്മിനി തോമസിന്റെ കോണ്‍ഗ്രസ് പ്രവേശനം നേതൃവുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.