Headlines

മണ്ഡലപുനർനിർണയ ബിൽ: ഡിഎംകെ പിന്തുണച്ചാലും മതിയാകില്ല; കേന്ദ്രം തേടുന്നത് പുതിയ കൂട്ടുകാരെ, എംപിമാർ വിട്ടുനിന്നാലും ഗുണം

ന്യൂഡൽഹി∙ ഏപ്രിലിൽ പാർലമെന്റിൽ പരാജയപ്പെട്ട മണ്ഡലപുനർനിർണയ ബിൽ വീണ്ടും കൊണ്ടുവരുമ്പോൾ പിന്തുണ വർധിക്കുമോ? സ്പീക്കറെ മാറ്റിനിർത്തിയാൽ നിലവിൽ 321 അംഗങ്ങളാണ് എൻഡിഎ സഖ്യത്തിലുള്ളത്. തൃണമൂൽ കോൺഗ്രസിൽനിന്നെത്തിയ 20 പേരും ശിവസേനയിൽ (ഉദ്ധവ് പക്ഷം) നിന്നെത്തിയ 6 പേരും ഇതിൽ ഉൾപ്പെടും. നിലവിലെ 539 ലോക്സഭാംഗങ്ങളും വോട്ടു ചെയ്താൽ, 321 പേരുള്ള എൻഡിഎക്കു ബിൽ പാസാക്കാൻ 39 പേരുടെകൂടി പിന്തുണ വേണ്ടിവരും. ഇന്ത്യാസഖ്യത്തിൽനിന്നു പുറത്തുപോയ ഡിഎംകെയുടെ 22 അംഗങ്ങൾ പിന്തുണച്ചാലും 17 പേരുടെ കുറവുണ്ടാകും. ഫലത്തിൽ ഡിഎംകെക്കു പുറമേ മറ്റേതെങ്കിലും പ്രതിപക്ഷകക്ഷിയിലെ എംപിമാരുടെകൂടി സഹായമുണ്ടെങ്കിൽമാത്രമേ ബിൽ പാസാക്കാനാവൂ.

നിലവിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ 3 അംഗങ്ങളുള്ള ശിവസേന (യുബിടി), 8 അംഗങ്ങളുള്ള എൻസിപി (എസ്പി), 3 അംഗങ്ങളുള്ള ജെഎംഎം, ഇരുപക്ഷത്തുമില്ലാത്ത വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ നിലപാടുകൾ അതീവ നിർണായകമാകും.

കഴിഞ്ഞ തവണ ബിൽ പരിഗണിച്ചപ്പോൾ 5 അധികവോട്ടുകൾ എൻഡിഎക്കു ലഭിച്ചിരുന്നു. വൈഎസ്ആർസിപിയുടെ എംപിമാരും ഇതിലുണ്ടെന്നാണു സൂചന. അവർ ഇക്കുറിയും അതേനിലപാട് സ്വീകരിക്കുമോയെന്നാണ് അറിയേണ്ടത്. പ്രതിപക്ഷനിരയിലുള്ള എംപിമാർ വിട്ടുനിന്നാലും അത് എൻഡിഎക്കു ഗുണകരമാകും.

അതേസമയം മറുവശത്ത്, 3 അംഗങ്ങളുള്ള ആം ആദ്മി പാർട്ടി, ഓരോ അംഗം വീതമുള്ള സോറം പീപ്പിൾസ് മൂവ്മെന്റ്, ആസാദ് സമാജ് പാർട്ടി, എഐഎംഐഎം എന്നിവ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനാണു സാധ്യത. 180 വോട്ടുകൾ എങ്കിലും ബില്ലിനെതിരെ ഉറപ്പാക്കാനായാൽ ഇന്ത്യാസഖ്യത്തിനു സർക്കാർ നീക്കത്തെ പരാജയപ്പെടുത്താനാകും.

രാജ്യസഭയിൽ എൻഡിഎക്ക് 155 സീറ്റുകളാണുള്ളത്. അവിടെ മൂന്നിൽരണ്ടു ഭൂരിപക്ഷമായ 164 എത്താൻ പുറത്തുനിന്നു 9 പേരുടെകൂടി പിന്തുണ വേണം. രാജ്യസഭാ കക്ഷിനില: എൻഡിഎ: 155, ഇന്ത്യാസഖ്യം: 64, മറ്റുള്ളവർ 26.

ഭരണഘടനാഭേദഗതി പാസാകാൻ ഇരുസഭകളിലും മൂന്നിൽരണ്ടു ഭൂരിപക്ഷം ആവശ്യമാണ്. ലോക്സഭയിൽ ആവശ്യമായ വോട്ടുകളെക്കാൾ 15–16 വോട്ടുകൾ അധികം നേടുമെന്നാണു ബിജെപിയുടെ ആത്മവിശ്വാസം.

∙അന്ന് വേണ്ടിയിരുന്നത് 352 വോട്ട്

ഏപ്രിലിൽ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ 298 പേർ മാത്രമാണ് അനുകൂലിച്ച് വോട്ടു ചെയ്തത്. 230 പേർ എതിർത്തു. മൂന്നിൽരണ്ടു ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 352 വോട്ടാണ്. എന്നാൽ, അതിനുശേഷം നാടകീയമായ രാഷ്ട്രീയമാറ്റങ്ങൾക്കാണു രാജ്യം സാക്ഷ്യംവഹിച്ചത്. തൃണമൂൽ കോൺഗ്രസ്, ഉദ്ധവ് വിഭാഗം ശിവസേന, ആം ആദ്മി പാർട്ടി എന്നിവയിൽനിന്നുള്ള എംപിമാർ കൂട്ടത്തോടെ എൻഡിഎ പക്ഷത്തേക്കു കൂറുമാറി. ബിജെപിയുമായി സഖ്യപ്രഖ്യാപനം നടത്തിയ ശിരോമണി അകാലിദളിന്റെ പിന്തുണയും ഇത്തവണയുണ്ടാകും. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗങ്ങളായ 7 പേർ ബിജെപിയിൽ ചേർന്നതും ഏപ്രിൽ അവസാനമായിരുന്നു. ദേശീയതാൽപര്യത്തിന് അനുയോജ്യമാണെങ്കിൽ പിന്തുണയ്ക്കുമെന്ന് എൻസിപി (എസ്പി) വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെ പറഞ്ഞതു മുൻനിലപാടിൽനിന്നുള്ള മാറ്റമായി.

ലോക്സഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കാൻ കഴിഞ്ഞാൽമാത്രം രാജ്യസഭ ചേരുന്ന തരത്തിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭയിൽ 30ന് ബിൽ അവതരിപ്പിച്ച് അന്നും ഡിസംബർ ഒന്നിനുമായി ചർച്ച ചെയ്യാനാണു സർക്കാർ ലക്ഷ്യമിടുന്നത്. പാസായാൽ രണ്ടിന് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ച് അന്നും മൂന്നിനുമായി ചർച്ച ചെയ്യും.